2008, നവംബർ 15, ശനിയാഴ്‌ച

ആ തണുത്തു വിറച്ച വെളുപ്പങ്കാലത്ത്...
.lzA - I

ഡോക്ടര്‍മാര്‍ മന്ത്രവാദികള്‍ക്ക് സമാനരോ? പോടിയനവര്‍കള്‍ക്ക് കൊടിയ സന്ദേഹം. അദ്ദേഹത്തിന്റെ ചിന്ത ഈവഴിക്ക് പോകുന്നു.: മന്ത്രവാദികള്‍ തപസ്സനുഷ്ടിച്ചും, യാഗങ്ങള്‍ നടത്തിയും കൂടുതല്‍ കൂടുതല്‍ ശക്തരാകുന്നു. പൊടി മാന്ത്രികവിദ്യകളും, പൊടിക്കൈകളുംവശമുണ്ടെങ്കില്‍, കൂടോത്രം, മയക്ക്, മുതലായ ലോക്കല്‍ വിദ്യകള്‍ പയറ്റി ജീവിച്ചുപോകാവുന്നതേയുള്ളൂവെങ്കിലും, ഇവര്‍ കഷ്ടപ്പെട്ട്, ഭുദ്ധിമുട്ടി ശക്തികള്‍ നേടി എടുത്ത് പുലികളാകുന്നതായാണ് കേള്‍വിപ്പെട്ടിട്ടുള്ളത്. ഡോക്ടര്‍മാരും ഇതുകണക്ക് തന്നേ, ശക്തിനെടാതെ അടങ്ങിഇരിക്കില്ല. ഏറ്റവും ചെറിയ ഡിഗ്രിയാണുള്ളതെങ്കില്‍പ്പോലും ദിവസം ആയിരം രൂപയില്ക്കുറയാത്ത ഒരു തുക എളുപ്പം സമ്പാതിക്കാന്‍ കഴിയും എന്നിരിക്കെ, ഇവര്‍ അതെല്ലാം ത്യജിച്ച് പഠനയജ്ഞത്തില്‍ മുഴുകുന്നതായാണ് കണ്ടുവരുന്നത്.
അപ്രകാരമുള്ള ഒരു മഹായജ്ഞത്തിന്റെ മുന്നോടിയായുള്ള അഗ്നിപരീക്ഷക്കായാണ്
ഡോക്ടര്‍സാബ് തലസ്ഥാനനഗരിയിലെത്തിയിരിക്കുന്നത്. പൊടിയന്‍ ഡോക്ടര്‍സാബിന്റെ കസിനായിട്ടുവരും. പരീക്ഷണമെല്ലാം പരീക്ഷിച്ചശേഷം ����ദ്ദേഹം പോടിയനാരുടെ പക്കല്‍ എത്തിച്ചേരുകയും, അവിടെ അദ്ധേഹത്തിനു യഥാവിധ സ്വീകരണം ലഭിക്കുകയും ചെയ്തു.
{പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ വിട്ടിരിക്കുന്നു. പോടിയനവര്‍കള്‍ അപ്ഗ്രേഡായി, പുതിയ വേര്‍ഷന്‍ ഇറങ്ങിയിരിക്കുന്നു. "പൊടിയന്‍ ദില്ലിവാല" എന്നത്രേ പുതിയ സ്വരൂപത്തിന്റെ നാമധേയം, പഴയതിന്റെ "പൊടിയന്‍ ചെന്നൈക്കാറന്‍" എന്നായിരുന്നു. പുതിയത് കുറച്ചൂടെ മെലിഞ്ഞു, നിറം കുറഞ്ഞാണ് എങ്കിലും, സ്വന്തം കളരിയില്‍ എത്തിയാലെന്നതുപോലെ പെര്‍ഫോര്‍മന്‍സ് വര്‍ധിച്ചിരിക്കുന്നു എന്നെത്രേ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പഠിക്കുന്നകാലത്ത് ഏറ്റവുമധികം വെള്ളം കുടിപ്പിചിരുന്ന ഹിന്ദി ഭാഷ ഇന്നദ്ദേഹത്തിന് പച്ചവെള്ളമാണ്. ഇതാണെത്രേ പഠിക്കാന്‍ വെണ്ടി പഠിക്കുന്നതും, ജീവിക്കാന്‍ വേണ്ടി പഠിക്കുന്നതും തമ്മിലുള്ള വത്യാസം.}
അങ്ങനെ പൊടിയന്റെ പക്കല്‍ എത്തിച്ചേര്‍ന്ന ഡോക്ടര്‍സാബ് അന്നവിടെ തങ്ങുകയാണുണ്ടായത്. അതിന്റെ പിറ്റേദിവസം, രണ്ടുപേരും കൂടെ പുസ്തകകമ്പോളത്തിലേക്കിറങ്ങുകയും, ഡോക്ടര്‍സാബ് ഒരുചുമട് , മെഡിക്കല്‍ പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്തു. പുസ്തകങ്ങള്‍ക്ക്, മഹാനഗരത്തില്‍, വിലകുറവാണ് എന്ന വസ്തുതയെ ശരിക്കും മുതലാക്കിയെ അദ്ദേഹം തിരിച്ചുപോകാറുള്ളൂ. അങ്ങനെ പുസ്തകകെട്ടുകളുംതാങ്ങിപ്പിടിച്ചുകൊണ്ട് അവര്‍ ബസ്സുപിടിച്ചു. അങ്ങ് നൊയ്ഡയിലുള്ള ബന്ധുഗൃഹമാണ് ലക്ഷ്യം. അന്നവിടെ തമ്പടിക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നു.
ബസ്സിറങ്ങി പത്തുമിനുട്ട് നടന്നാല്‍ ലക്ഷ്യത്തിലെത്തിച്ചേരാമെങ്കിലും, ചുവടിന്റെ കനം നിമിത്തം സൈക്കിള്‍റിക്ഷ പിടിച്ചു അവര്‍. രണ്ടുപേര്‍ക്ക് കേറാവുന്ന സൈക്കിള്‍റിക്ഷ. ഈ റിക്ഷ മഹാനഗരവാസികളുടെ ആരോഗ്യത്തിനു ഹാനികരമായിഭവിച്ചിരിക്കുന്നു. ഇവ കാരണം നഗരവാസികള്‍ നടത്തം എന്ന പ്രക്രിയ പാടെ ഉപേക്ഷിച്ചിരിക്കുന്നു. അതെന്തൊക്കെ ആയാലും ഒരുവിഭാഗം ജനങ്ങള്‍ റിക്ഷചവിട്ടി ജീവിച്ചുപോകുന്നു.
വിവാദപരമായ റിക്ഷ ചവുട്ടുന്നത് ഒരു മെലിഞ്ഞുണങ്ങിയ മദ്യവയ്സ്ക്കനാണ്. ഡോക്ടദ്ദേഹം സാരഥിയെ ദയാപരമായി നോക്കുന്നുണ്ട്. അദ്ദേഹം വിശാലഹൃദയനാണ്, ദയ കൂടിക്കൂടി വന്നു ഒരുപക്ഷെ സാരഥിയെ ഇരുത്തി ഡോക്ടര്‍സാബ് സൈക്കിള്‍ ചലിപ്പിച്ചെന്നുവരും, പൊടിയന്‍ ചിന്തിച്ചു. അതിന് തടയിടാന്‍ പോടിയനാര്‍ തുരു തുരെ സംസാരിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധ സാരഥിയില്നിന്നും മാറ്റി. അവസാനം ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു. പൊടിയന്‍ ഒരു നൂറിന്റെ നോട്ടു പുറത്തെടുത്തു. നോക്കുമ്പോള്‍ സാബിന്റെ കൈയ്യില്‍ അമ്പതിന്റെ നൊട്ട് . "ഓഹോ...അപ്പൊ ഡോക്ടരദ്ദേഹത്തിനും നോട്ട് ചില്ലറയാക്കാനുണ്ടല്ലേ” എന്ന് കരുതി തന്റെ നൂറ് പോക്കറ്റിലേക്കിട്ടു പൊടിയന്‍. എന്നാല്‍ സങ്ങതികളുടെ കിടപ്പുവശം അങ്ങനോന്നുമല്ലായിരുന്നു.
ഡോക്ടരവര്‍കള്‍ അമ്പതിന്റെ നോട്ടെടുത്ത് വണ്ടിക്കാരന് നിവേദിച്ചു.
വണ്ടിക്കാരന്‍: " ചില്ലറയില്ല "
ഡോക്ടരവര്‍കള്‍ : " മുഴുവന്‍ എടുത്തോളൂ "
വണ്ടിക്കാരനേക്കാള്‍ അധികം ഞെട്ടിയത് പോടിയനാണ്. അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തില്‍ മിന്നല്‍ വേഗത്തില്‍ ഒരു കണക്കുകുട്ടല്‍ നടന്നു. അത് ഇപ്രകാരം ആകുന്നു.
{1 സവാരി = 50 രു‌പ
ദിവസം 10 മണിക്കൂര്‍ പണി = 12 സവാരി
ദിവസം വരുമാനം = 12 * 50 = 600 രു‌പ
മാസം വരുമാനം = 600 * 30 = 18000 രു‌പ}.
പൊടിയന്‍ മാന്ത്രികനയ്മാറി. വായുവില്നിന്നെന്നപോലെ, ഒരു ഇരുപതിന്റെ നൊട്ട് അദ്ധേഹത്തിന്റെ കൈയ്യില്‍ പ്രത്യക്ഷപ്പെട്ടു. നൊടിയിട കൊണ്ട് ആ ഇരുപതിന്റെ നോട്ട് വണ്ടിക്കാരന്റെ കൈയ്യിലും അമ്പതിന്റെ നോട്ട് പൊടിയന്റെ കൈയ്യിലുമായ് മാറുന്ന പ്രതിഭാസമാണവിടെ പിന്നെ സംഭവിച്ചത്. വണ്ടിക്കാരന് കാര്യമായൊന്നും ചിന്തിക്കാനുള്ള സാവകാശം കിട്ടിയില്ല. 15 രൂപ കിട്ടുന്ന സ്ഥാനത്ത് 20 രൂപ കിട്ടിയതില്‍ സന്തോഷിച്ച് അങ്ങേരുടന്‍ സ്ഥലം വിട്ടു.
പോടിയനാര്‍ നോട്ട് ഡോക്ടര്‍സാബിനു കൊടുത്തുകൊണ്ട് പറഞ്ഞു "ഈ മാതിരി ചതി ഇനി ചെയരുത്".
ഡോക്ടര്‍: "ഏത് മാതിരി ചതി?"
പൊടിയന്‍: "ഐ.ടി. കമ്പനികള്‍ ചെയ്യുന്ന മാതിരി, ചുമ്മാ ബോണസ്, ഇങ്ക്രിമെന്റ് കൊടുക്കുന്ന കണക്കുള്ള ചതി"
ഡോക്ടറദ്ദേഹം ചിരിച്ചു.

2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

അവനവന്‍ കുഴിക്കും കുഴികളില്‍ .....

“സംഭവാമി യുഗേ യുഗേ” എന്നു കവിയും, “യുഗ യുഗാന്തരങ്ങളായ് സംഭരിച്ച ശക്തിയെ” എന്നു കുട്ടി സഘാക്കളും പാടുന്നു. അതുകണക്ക് സംഭവിച്ച ഒരു പ്രതിഭാസമാണ്
പൊടിയന്‍. അവതാരമെടുത്ത് കേരളക്കരയെ "സേവിക്കുന്നതിന്റെ" 22 ആം നടപ്പ് വര്‍ഷം നടിച്ചുകൊണ്ടിരിക്കെയാണ് ആ ഘോരസംഭവം നടക്കുന്നത്.

ശ്രീമാന്‍ പൊടിയന്‍ നാടുകടത്തപ്പെട്ടിരിക്കുന്നു. സ്വഗൃഹത്തിലെയും ബന്ധു ഗൃഹത്തിലെയും സുഖവാസത്തില്‍ നിന്നു വേരോടെ പിഴുത് എറിയപ്പെട്ടിരിക്കുന്നു. അതും തമിഴിന്റെ, പാണ്ടിയുടെ, നാടായ ചെന്നൈലെക്ക്. നിദ്ര, ഭോജനം, പുസ്തകപാരായണം, ബാട്മിന്റെണ്‍, സിനിമ, മറ്റു കലാപരിപാടികള്‍ മുതലയായവയാണ് സുഖവാസത്തിന്റെ പ്രധാന ചേരുവകള്‍. ഇതില്‍ നിന്നെല്ലാമാണ് തൂത്ത് പെറുക്കി എറിയപ്പെട്ടിരിക്കുന്നത്. അതിന് കാരണമായി ഭവിച്ചിരിക്കുന്നത് ജീവിതത്തില്‍ നടാടെ കൈവന്നിരിക്കുന്ന "ജ്വാലി" ആകുന്നു. അതോടെ വീടുകര്‍ക്കും ബന്ധുക്കള്‍ക്കും "പണി" ആകുന്ന പരിപാടി അവസാനിപ്പിച്ച് "ജ്വാലി"തന്ന കമ്പനിക്കിട്ടാകാം ഇനി പണിയുന്നത് എന്ന് തീരുമാനിച്ചുകളഞ്ഞു അദ്ദേഹം.

പൊടിയനവര്‍കള്‍ കമ്പനിയുമായി കരാര്‍ ഭന്ധത്തില്‍ ഏര്‍പ്പെട്ടു. കാള്‍സെന്റെര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട കമ്പനി, ബി.പി.ഓ മേഘലയിലെ അതികായനാണ്. മണ്ടന്മാരായ സായിപ്പന്മാര്‍ പാവം പിടിച്ച ഇന്ത്യക്കാരായ കമ്പ്യൂട്ടര്‍ തൊഴിലാളികളെ ചീത്ത വിളിക്കുന്നത് എഫ്.എം. റേഡിയോയില്‍ എന്ന പോലെ കേട്ട്, തൊഴിലാളിക്ക് മാര്‍ക്ക് ഇടുന്നതിനു, കമ്പനി പോടിയുവിനു ഉച്ചഭക്ഷണവും മാസത്തിന്റെ തുടക്കത്തില്‍ കൈമടക്കും നല്കും. ഇതാണ് കരാര്‍.

കമ്പനിയില്‍ തമിഴന്മാരാണ് സിംഹഭാഗം എങ്കിലും "മല്ലു"‍ എന്നറിപ്പെടുന്ന മലയാളികളും ഗോള്‍ട്ടികളായ തെലുങ്കന്മാരും വലിയൊരു വിഭാഗം വരും. പിന്നെ അല്ലറ ചില്ലറ മറ്റു ദേശക്കാരും. അവിയല്‍ പരുവം. വര്‍ഗ്ഗബോധം ഇല്ലാത്ത ഇവരെ രണ്ടു വര്‍ഗ്ഗങ്ങളായി തിരിക്കാം. "പകല്‍മാന്യന്മാരും" "രാത്രിഞ്ജരന്മാരും". ഡേഷിഫ്റ്റ് എന്നും നൈറ്റ്ഷിഫ്റ്റ് എന്നും മോഴിമാറ്റാം. പൊടിയന്‍സാര്‍ പകല്മാന്യനായ് വിലസി. പൊടിയന്‍, താമസം, പണ്ട് ഇഞ്ജിനീരാവാന്‍ പടിക്കണകാലത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ കൂടെയും, പിന്നീട് കമ്പനിയിലെ തന്നെ ഒരു സുഹൃത്തിന്റെ കൂടെയും ആക്കി.

ചെന്നൈയിലെ “വേലാച്ചെരി”. അന്ത ദേശത്തെ മൊത്തം തണ്ണികളായ തണ്ണികളൊക്കെ വന്നു ചേരുന്ന വെളിമ്പ്രദേശം, ചതുപ്പുനിലങ്ങള്‍. അത് പണ്ട്, ഇന്നിപ്പോള്‍ ഐ.ടീ. യുടെയും ഐ.ടീ.ഇ.എസ്. ന്റേയും വരവോടെ പല കമ്പനികളും വന്നു ചേക്കേറുകയും അതിന്റെ ഫലമായി തന്നെ പല വികസങ്ങങ്ങളും സംഭവിച്ചിരിക്കുന്നു വേലാച്ചേരിയില്‍. ഇങ്ങനെയുള്ള പുതിയ വേലാച്ചേരിയിലാണ് പൊടിയന്‍ ജോലിചെയ്യുന്ന കമ്പനി സ്ഥിതി ചെയ്യുന്നത്. അതിനടുത്തു തന്നെ ഒരു ഇരുമുറി വാടക വീട്ടില്‍ അങ്ങേരും സുഹൃത്തും താമസിക്കുന്നു.

പൊടിയന്റെ സുഹൃത്തുകള്‍ അഞ്ജാറുപേര്‍ ചേര്‍ന്നു, ഒരു കെട്ടിടസമുച്ചയത്തില്‍ വാടക കൊടുത്ത് താമസിക്കുന്നു. നമുക്ക് കാമറ അങ്ങോട്ട് തിരിക്കാം. കെട്ടിടം സ്ഥിതി ചെയ്യുന്നത് ചതുപ്പുനിലങ്ങളോട് ചേര്‍ന്നാണ്‌. അധികം ജനവാസം ഇല്ലാത്ത സ്ഥലം.

രണ്ടു ഇരുനിലക്കെട്ടിടങ്ങള്‍ ചേര്‍ന്ന കോട്ട. ഭുതത്താന്‍കോട്ട ലുക്കാണ് അകത്ത് ചെന്നാല്‍. അടുക്കള, ഹാള്‍, രണ്ടു കിടപ്പുമുറികള്‍, ഒരു ബാത്രൂം കം ടോയിലെറ്റ് എന്നിവ കൂടാതെ “ഭീകരാന്തരീക്ഷം”എന്നോരുസങ്ങതി കൂടെ വച്ചുപിടിപ്പിച്ചിരികുന്നു. ഫിയര് ഫാക്ടര്‍ കൂട്ടാനായി എപ്പോളും അടഞ്ഞുകെടക്കണ ഒരു മുറിയും. ഇരുട്ടാണ്‌ കൊട്ടക്കകത്തെ സ്ഥായീഭാവം. അതിനുള്ള പ്രധാന കാരണം "പകല്മാന്യന്മാര്‍” "രാത്രിഞ്ജരന്മാര്‍” എന്നുള്ള രണ്ടു വര്‍ഗങ്ങളും കോട്ടയില്‍ വസിക്കുന്നു എന്നതാണ്. "പകല്മാന്യന്മാര്‍” രാത്രിയിലും "രാത്രിഞ്ജരന്മാര്‍” പകലും നിദ്രയെ പുല്‍കുന്നു എന്നതിനാല്‍ കോട്ട ഏതാണ്ടെപ്പോളും നിര്‍ജീവമാണ്. ജീര്‍ണത കോട്ടയിലെക്കും നിവാസികളിലേക്കും ഒരുപോലെ പടര്‍ന്നപോലെ. വൈകുനെരങ്ങളില്‍ മാത്രം അല്‍പ്പം ജീവന്‍ വക്കും.
പക്ഷെ ഇതിനെല്ലാം വിപരീതമാണ് ഞായര്‍ തിങ്കള്‍ ദിനങ്ങള്‍. ആരണ്ട് ദിനങ്ങളില്‍ കൊട്ട മാവേലി നാടാണ്. “മാനുഷരെല്ലാരും 1 പോലെ.” ഒരു വത്യാസം മാത്രം. കള്ളവുമുണ്ട് ചതിയുമുണ്ട്. പോളിവചനമേ ഉള്ളു. അതങ്ങനെഒക്കെ ആണെങ്കിലും, ആ വേളയില്‍ എല്ലാ വര്‍ഗങ്ങളും ഓരേപോലെ ആഘോഷിച്ച് ഒരേപാത്രത്തിലുണ്ട് ഒരേസമയത്ത് കിടന്നുറങ്ങുന്നു. ഈ സമത്വത്തിനു കാരണം എന്തെന്നുവച്ചാല്‍, തദവസരങ്ങളില്‍ രണ്ടുകൂട്ടരും സന്നിഹിതരായതൂകൊണ്ട്, ചേരിതിരിഞ്ഞാല്‍ ഒരു കൂട്ടര്‍ മറ്റേ കൂടരെ “കെടത്തി ഒറക്കില്ല” എന്നതാണ്.

ഭുതത്താന്‍ കോട്ടയില്‍ ആറ് യമകണ്ടന്മാര്‍ക്കൊപ്പം ഒരു അച്ചായന്‍ ഉണ്ട്. അച്ചില്‍ വാര്‍ത്തെടുത്ത അച്ചായന്മാരുടെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്ത ഒരു പാവം അച്ചായന്‍. താന്‍ പേടിതോണ്ടാനാണ് എന്ന വസ്തുത സമ്മതിച്ചു തരാത്ത അച്ചായന്‍. സാത്താനേ പേടിച്ചിട്ടൊന്നുമല്ല താന്‍ കൊന്ത ധരിച്ചിരിക്കുന്നത്, അത് കര്‍ത്താവിനോടുള്ള ഐക്യധാര്‍ഡ്യം പ്രക്യാപിക്കാനാണ് എന്നാണ് ആശാന്‍ പറയണത്. അച്ചായനെ പേടിപ്പിക്കുക, കളിയാക്കുക, ചുമ്മാ പണികൊടുക്കുക എന്നതോക്കെ ആണ് യമാകണ്ടന്മാരുടെ പ്രധാന വിനോദങ്ങള്‍. അദ്ദെഹമാണെങ്കില്‍ ഇതെല്ലം സഹിച്ച് കഴിഞ്ഞുപോന്നു. അച്ചായന്‍ അങ്ങനെയൊക്കെയാണ്, ഇനി നമുക്ക് പൊടിയനവര്‍കളിലേക്ക് എത്തി നോക്കാം.
 
ഭൈരവന്‍ അതി ധൈര്യവാന്‍ ആണ്, കോടാലി ദേശത്തിന്റെ വീരപുത്രന്‍. ഭുത പ്രേതാതികളേയോ ഇരുട്ടിനേയോ മറ്റൊന്നിനെയോ പേടിയില്ലാത്തവനാണ് പുള്ളി, പുള്ളിപ്പുലി. തന്റെ ധൈര്യം തെളിയിക്കാന്‍ ഒരവസരം കൈവരുന്നില്ലല്ലോ എന്ന ദുഃഖം മാത്രമാണ് ആശാനെ അലട്ടുന്നത്. പുള്ളിക്കാരന് ആകെക്കുടെ പേടി ഉള്ള ഒരേ ഒരു സംഭവം "പാമ്പ്‌ " ആണ്. ദ്രാവകം (അരിഷ്ടം) ഉള്ളില്‍ ചെല്ലുന്നതിന്റെ ഫലമായി ആയിത്തീരുന്ന പാമ്പുകളെ അല്ല്ല ഇത് മായമില്ല മന്ത്രമില്ല എന്ന ഒറിജിനല്‍ സര്‍പ്പത്താനെ. ലവനെ ദര്‍ശിച്ചാല്‍ നമിച്ച് വണങ്ങി ഒരങ്കത്തിനുള്ള ബാല്യം ഇല്ല എന്നറിയിച്ച് സവിനയം പിന്‍വാങ്ങും കക്ഷി.

കാലചക്രം എന്നത്തെയുംപോലെ ഉരുണ്ടുകൊണ്ടേ ഇരുന്നു. അങ്ങനെ ഉരുണ്ടുരുണ്ട് വന്ന ഒരു ദിവസം, ഭൂതത്താന്‍കോട്ടനിവാസികള്‍ പൊടിയനെയും സഹമുറിയന്‍ തലമുറിയനേയും കോട്ടയിലെക്ക് ക്ഷണിച്ചു.
പൊടിയനും മുറിസഹിയനും ഉച്ചയോടെ കോട്ടയില്‍ എത്തിച്ചേര്‍ന്നു. ആന്ത്രാമെസ്സില്‍ നിന്നും എത്തിച്ചേര്‍ന്ന ഭോജനത്തെ ഭക്ഷിച്ചശേഷം, കത്തിവെക്കലും വിശ്രമവും.

സന്ധ്യ മയങ്ങിയതോടെ ഇരുട്ടിന്റെ തിരശ്ശീല വന്നു വീണു.മറ്റെല്ലാം നിശബ്ദമാവുകയും, കാറ്റ് ചൂളം കുത്തി വീശാനും തുടങ്ങിയതോടെ ഭീകരാന്തരീക്ഷം പൂര്‍ണം!! അതോടെ അച്ചായനെ ഭയപ്പെടുത്തി ഉറക്കംകെടുത്തുക എന്ന പരിപാടിയിലേക്ക് എല്ലാരുടെയും ശ്രദ്ധ തിരിഞ്ഞു. ഭൂത പ്രേത പിശാചുക്കള്‍ നിറഞ്ഞ സംഭവകഥകളും അസംഭവകഥകളും ആയിരുന്നു അന്നത്തെ ആയുധം. കഥകള്‍ പറഞ്ഞ് ആവേശം കേറി അച്ചായനെ ഞെട്ടിക്കുക എന്നതിലുപരി എല്ലാരും അന്യോന്യം ഭയവിഹ്വലരാക്കുക എന്ന തലത്തിലേക്കുയര്‍ന്നു കാര്യങ്ങള്‍. പ്രേതം പിശാച്ച് കുട്ടിച്ചാത്തന്‍ മറുത യക്ഷി ഒടിയന്‍ കുടിയന്‍ മടിയന്‍ തുടങ്ങിയ താരങ്ങളെല്ലാം അണിനിരന്ന താരനിശ. പൊടിയനും കേറി ആവേശം. അച്ചായനെ മാത്രമല്ല അവിടെയുള്ള എല്ലാവന്മാരെയും ഞെട്ടിക്കണം എന്ന ലക്ഷ്യവുമായി, തന്റെ ആത്മസുഹൃത്ത് ഗൈഗവന്‍, പണ്ട്, തന്നെ ഹോറര്‍ സ്ടോറി പറഞ്ഞ് ഞെട്ടിച്ചതില്നിന്നു പ്രചോതനം ഉള്‍ക്കൊണ്ട്, പൊടിയനവര്‍കള്‍ തുടങ്ങി. അന്ത കഥൈ ഇന്ത മാതിരി ആകുന്നു. വിജനമായി കിടന്നിരുന്ന വഴിയിലൂടെയതാ ഒരു സായിപ്പന്‍ വിഷന്നനായി അടിവെച്ചടിവെച്ച് മുന്നേറുന്നു, വഴിതെറ്റിയിരിക്കുന്നു അങ്ങേര്‍ക്ക്. കോട്ടും സുട്ടും ഹാറ്റും കാല്ശരായിയും കെട്ടിയ സായിപ്പന്‍. ചുണ്ടിലൊരു സിഗാറും. സായിപ്പനാണേലും വെറും കോപ്പനാണ്. മനോധൈര്യം ഇല്ല, എന്നാല്‍ ഉണ്ടെന്നാണ്‌ ഭാവവും. എവിടേലും ഒന്നു തലചായ്ചാല്‍ മതിയെന്നായീ സായിപ്പന്. കുടീന്നെറങ്ങ്വേം ചെയ്തു എന്നാ കുടിക്കാനൊന്നും തരായൂല്യാന്നു നിരീച്ചു നടക്കുമ്പോളാണ് ഒരു ഒറ്റപ്പെട്ട സത്രം കണ്ടത്.

സത്രത്തില്‍ ചെന്നു മുറി എടുത്തു. ഭക്ഷണം “അരിഷ്ടവും” അകത്ത് ചെന്നതോടെ അഹങ്കാരമായീ. നടക്കാനിറങ്ങണം പോലും. പുട്ടടിച്ചുകഴിഞ്ഞാല്‍‍, ഉലാതുന്നത് തന്റെ സ്വഭാവമാണുപോലും. രാത്രികാലങ്ങളില്‍ മാത്രമല്ല പകല്‍ പോലും ഇറങ്ങി നടക്കാന്‍ കൊള്ളില്ലാത്ത പ്രദേശമാണെന്ന ഉടമയുടെ താക്കീത് വകവെക്കാതെ സായിപ്പന്‍, ചുരുട്ടും പോകച്ച് നടക്കാനിറങ്ങി.

ഇറങ്ങാന്‍ നേരത്ത് കണ്ടു, സത്രത്തിന്റെ മുന്നിലിരിക്കുന്ന കാവല്‍ക്കാരനെ. മോത്തം ശരീരം കരിമ്പടത്തിനാല്‍ മൂടിയ വൃദ്ധരൂപം. ആല്‍മരത്തിന്റെ വേരുകള്‍ പോലെയുള്ള കൈകള്‍ മാത്രമേ പുറത്ത് കാണാനൊള്ളു. കുറച്ചു മാറിയായി തിരിതാഴ്ത്തിയ ഒരു റാന്തല്‍ ഇരുപ്പുണ്ട്. കാവല്ക്കാരനാത്രേ, ഇയാള്‍ക്ക് കാവല്‍ നിക്കാന്‍ വേറൊരാള്‍ വേണ്ടിവരും എന്നോര്‍ത്ത്, കെളവനെ വകവെക്കാതെ, “പുജ്ഞത്തോടെ” ഒന്നു നോക്കിട്ട് ലങ്ങേര്‍ നടപ്പ് തുടങ്ങി.

കുറച്ച് ദൂരം നടന്നപ്പോളേക്കും ഒരു വെളിമ്പ്രതേശത്തെത്തി. രംഗവീക്ഷണം നടത്തി അങ്ങേര്‍. അരണ്ട നിലാവെളിച്ചം ഉള്ളതുകൊണ്ട് വേറെ വെളിച്ചത്തിന്റെ ആവശ്യം ഇല്ല. തിരിഞ്ഞ് വന്ന വഴിയിലേക്ക് നോക്കിയ അങ്ങോര്‍ ഞെട്ടി, കടിച്ചുപിടിച്ചിരുന്ന ചുരുട്ട് വീണു പോയി. വഴിയില്‍ പത്തടി മാറിയായി ഒരു രൂപം. ശരീരം മുഴുവനും കരിമ്പടതിന്നാല്‍ മറച്ചിരിക്കുന്നു. ചെകുത്താനും കടലിനും ഇടയില്‍പെട്ടതായിത്തോന്നി സായിപ്പന്. അങ്ങോര്‍ വിക്കി വിക്കി ചോദിച്ചു “ആ..ആരാ?”രൂപം: ഒരു വഴിപോക്കനാണ്. മൃദുലമായ ശബ്ദം. സായിപ്പനിത് പ്രതീക്ഷിച്ചതല്ല. അങ്ങേരുടെ ശ്വാസം നേരെ വീണു. പരിതഃസ്ഥിതിയുടെ കടിഞ്ഞാണ്‍ തന്റെ കയ്യില്‍ കിട്ടിയ പോലെ ആയി. ശബ്ദം ഘനീഭവിപ്പിച്ചു. സായിപ്പ്: തനിക്കെന്താ ഈ നേരത്ത് ഇവിടെ കാര്യം?(പിന്നേ...ഈവഴി എല്ലാം സായിപ്പന്റെ അപ്പൂപ്പന്റെ വക ആണല്ലോ) രൂപം: ഭക്ഷണം കഴിക്കുനതിനു മുമ്പ് നടക്കുന്നത് എന്റെ ശീലം ആണ്. ചെറുതായി ഒന്നു ഞെട്ടിയെങ്കിലും മുഖത്തത് വരുത്താതെ ശ്രദ്ധിച്ചു സായിപ്പ്സായിപ്പ്: അപകടം നിറഞ്ഞ സ്ഥലമാണെന്നറിഞ്ഞൂടെ?

രൂപം: നല്ലോണം അറിയാം. 

രൂപത്തിന്റെ മുഖം വ്യക്തമാല്ലാത്തത് സായിപ്പനെ നിലതെറ്റിക്കുന്നുണ്ട്. ഒരു പുതിയ ചുരുട്ടിനു തീ കൊടുക്കാം, ആവെളിച്ചത്തില്‍ രൂപത്തിന്റെ മുഖം കാണുകയും ചെയ്യാം, ലങ്ങേര്‍ ഓര്‍ത്തു. അങ്ങേര്‍ ഒന്നുടെ രൂപതിനടുത്തേക്കു നീങ്ങി, തീ ഉണ്ടാക്കി ച്ചുരുട്ടിനടുത്തേക്ക് അടുപ്പിക്കുകയും എന്നാല്‍ നോട്ടം രൂപത്തില്‍ അര്‍പ്പിക്കുകയും ചെയ്തു. ഞെട്ടിവിറച്ച, സായിപ്പന്റെ ചുണ്ടില്‍നിന്നും സിഗാറും കൈയില്‍നിന്ന് തീയും വീണുപോയ്. വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്. മൊത്തത്തില്‍ നോക്കിയാല്‍ മനുഷ്യ രൂപം തന്നെ. എന്നാല്‍ മുഖം ശുന്യം, മുഖത്ത് കാണേണ്ടുന്ന അവയവങ്ങളൊന്നുംകാണാല്യ. നിര്വികാരതയുടെയും, ശു‌ന്യതയുടെയും മനുഷ്യാവിഷ്ക്കാരം. രൂപം വിരു‌പമല്ല. എങ്കിലും ധൈര്യം എന്ന വികാരത്തിന്റെ അടിസ്താനശിലകളെ തകര്‍ത്തെറിയാന്‍ പാകം. 

അഡ്രിനാലിന്‍ ഹോര്‍മോണ്‍ സായിപ്പന്റെ രക്തത്തില്‍ കലര്‍ന്നു. മൊത്തം ശരീരം ഉണര്‍ന്നു. കൈകാലുകള്‍ക്ക് കുതിരശക്തി കിട്ടി. അങ്ങേര്‍ സര്‍വശക്തിയും പ്രയോഗിച്ച് രൂപതിനെയും കടന്നു ഓടി. ഓടിക്കിതച്ച് സത്രത്തിന്റെ മുന്നില്‍ എത്തിയപ്പോളെക്കും കുടിച്ച അരിഷ്ടമെല്ലാം “വാളായി”. സായിപ്പനവര്‍കള്‍ ഓടിച്ചെന്നു വാളുചോരിഞ്ഞ് ഓതിരം തിരിഞ്ഞ് കടകത്തിലമര്‍ന്ന് പ്യെടിച്ചുവെറച്ചു നിന്നപ്പോളെക്കും കവല്ക്കാരന്റെ സമീപത്തെത്തിയിരുന്നു. ഭയഭക്തി ബഹുമാനത്തോടെ കാവല്‍ക്കാരനെ നോക്കികണ്ട്, വിക്കിമൂളി ഇങ്ങനെ പറഞ്ഞു.

 "അ‍വി...അവിടെ.... രു രൂപം...അതിന് മുഖം ഇല്ല....മുഖം ഉണ്ട്...മുഖത്ത് ഒന്നുല്യ.....”

 കാവല്‍ക്കാരന്‍ ശന്തനായി എഴുന്നേറ്റ് റാന്തല്‍, തിരിപൊക്കി കൈയ്യിലെടുത്തു. മുഖം മറഞ്ഞുകിടന്ന പുതപ്പുമാറ്റി റാന്തല്‍ തന്റെ മുഖത്തോടടുപ്പിച്ച് ചോദിച്ചു “ഇത് തന്നെ അല്ലെ ആ മുഖം?" പറഞ്ഞത് അതി ഭീകരം; പറയാത്തത് അതിലും ഭീകരം എന്ന തത്വം ഉള്‍ക്കൊണ്ട് ഫുള്‍സ്റ്റോപ്പിട്ടു പൊടിയനിലെ ഭീകരകഥാകാരന്‍. ബാക്കിഎല്ലാം അച്ചായന്റെം കണ്ടന്മാരുടെയും ഭാവനക്കുവിട്ടു. സായിപ്പന്‍ ഭയന്നുവിറച്ച് ഒഴിക്കെണ്ടവനെ എല്ലാം ഒഴിച്ചു എന്നോ, കാറ്റു പോയി ഉടലോടെ നരകതിങ്കല്‍ ചെന്നു ചേര്‍ന്നു എന്നോ എന്തും ആവാം
അന്ത്യത്തില്‍ അങ്ങനെ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചതല്ല. മറ്റു ഭീകര കഥകളിലോന്നും ഇല്ലാതിരുന്ന ഒരു ചേരുവ. കാവല്‍ക്കാരന്‍ ആദ്യം വെറും നിരാലംബനായ വൃദ്ധനും, പിന്നെ സായിപ്പന്റെ ദൃഷ്ടിയിലൂടെ സംരക്ഷകന്റെ മൂര്‍ത്തീഭാവമാകുകയും, എന്നാല്‍ പൊടുന്നനെ “യമ” രൂപം കൈവരിക്കുകയും ചെയ്തത് നടുക്കമുളവാക്കി. പോടിയത്താന്‍ അച്ചായനെ പാളി നോക്കി. മിഷന്‍ അക്കംപ്ലിഷ്ഡ്. പുള്ളി നടുങ്ങി വിറച്ചിരിക്കുന്നു, കൊന്തയിലെ കുരിശുരൂപത്തെ കൈക്കുള്ളില്‍ ഇറുക്കിപ്പിടിച്ചിരിക്കുന്നു. പാവം കര്‍ത്താവ്, ശ്വാസം കിട്ടാതെ ഞെളിപിരികൊള്ളുന്നു. കര്‍ത്താവിനെ, പൊടിയനവര്‍കള്‍, അച്ചായന്റെ "കരാളഹസ്തങ്ങളില്നിന്നും" മോചിപ്പിച്ചു.

നടുക്കം വിട്ടുണര്‍ന്ന പ്രേക്ഷകര്‍ "മോസ്റ്റ് ഞെട്ടിയസ്റ്റ് കഥ" അവാര്‍ഡ് പൊടിയന് സമ്മാനിച്ചു. അവാര്‍ഡ് വാങ്ങിയശേഷം, വികാരഭരിതനായി, അദ്ദേഹമിങ്ങനെ പ്രസംഗിച്ചു…  

“മാന്യമഹാ പേടിത്തൊണ്ടരേ, ഞാന്‍ പറഞ്ഞ കഥകേട്ടു ഞെട്ടി, അവാര്‍ഡ് തന്ന നിങ്ങള്‍ക്കെല്ലാം നന്ദി. പ്രേതം മനുഷ്യരേ മയക്കുന്ന കറുപ്പാണ്. അതായത് കറുപ്പും വെളുപ്പും കുപ്പായമിട്ട് മനുഷ്യന്മാരെ പേടിപ്പിക്കാന്‍ നടക്കുന്നവരാണ് പ്രേതങ്ങളും യക്ഷികളും മറ്റും. എന്നാല്‍ എനിക്ക് പറയാനുള്ളത്, പ്രേതമേതായാലും മനുഷ്യന്‍ പ്യേടിക്കാതിരുന്നാല്മതി. മാനവരുടെ ഭയം എന്ന വികാരതില്‍നിന്നും ജന്മംകൊണ്ട ഇവര്‍, അതേ ഭയം മുതലെടുതാണ് ഇന്നിത്ര വളര്‍ന്നതും ശക്തി പ്രാപിച്ചതും, “തറവാടികളായതും”. “നിങ്ങള്‍”, ധൈര്യം അവലംബിച്ചാല്‍ അവര്‍ ശോഷിച്ച് ഇല്ലാതാകും, എന്റെ കാര്യം വിട്. ഒരിക്കല്ക്കൂടെ എല്ലാവര്‍ക്കും എന്റെ വക നണ്ട്രി.”

രാത്രിഭക്ഷണത്തിനു ശേഷം മാവേലിനാട് പിരിച്ചു വിട്ടതായി അറിയിപ്പുണ്ടായി. നിശാചരര്‍ പണിക്കുപൊകുകയും ദിവാസ്വപ്നാടകര്‍ പള്ളി ഉറക്കത്തിനുള്ള തയ്യാറെടുപ്പിലും മുഴുകിയതോടെ, കോട്ട പഴയ ജീര്‍ണാവസ്ഥയിലേക്ക് മടങ്ങി. പൊടിയനും കൂട്ടരും ഹാളിലാണ് ശയിച്ചത്. തലചുവരിനടുതെക്കുവച്ച്, റെയില്‍വേസ്റ്റേഷണിലും മറ്റും കാണുന്ന അഭയാര്‍ത്ഥികളേപ്പോലെ നിരന്നു കിടന്നു അവര്‍. നിദ്രയുടെ അലയടിച്ചു പൊടിയനിലേക്ക്.

ഒരേ അവസ്ഥയിലുള്ളവര്‍ ഒരേ പോലെ ചിന്തിക്കുന്നു എന്ന കണക്ക് ആരോ വെളിച്ചമണച്ചു. ഇരുട്ടിന്റെ തിരശ്ശീല ഇടിഞ്ഞുപൊളിഞ്ഞുവീണു. കുറ്റാകുറ്റിരുട്ട്!! ഇരുട്ടിനോടും മറ്റു ഫെല്ലോകളോടും ഫൂതഫ്രേതാതികളോടും “ഫോടാ ഫുല്ലേ” എന്നൊതി നിന്ദ്രയിലേക്ക് വഴുതി ഫൊടിയന്‍. സമയം ഏതാണ്ട് അഞ്ചരയായിക്കാണും . ആകെ അസ്വസ്തനായാണ് പൊടിയന്‍ ഉണര്‍ന്നത്. പതിയെ കണ്ണ് തുറന്നതും ദൃഷ്ടി ചുവരില്‍ ചെന്നു തറച്ചു. വല്ലാത്ത ഒരു കാഴ്ച തന്നെ ആയിരുന്നു അത്. സ്തബ്ദനായി നോട്ടം പിന്‍വലിക്കാനാവാതെ തളര്‍ന്നുകിടന്നു അങ്ങേര്‍ . ചുവരിലൊരു ക്ലോക്ക്. എന്നാല്‍ അതിന് മുഖമില്ല. അതായത് അക്കങ്ങളോ സുചികളോ ഇല്ല. തികച്ചും ശു‌ന്യമായ ഘടികാരമുഖം. ആത്മാവ് നഷ്ടപ്പെട്ട് നിര്‍ജീവമായ പ്രതീതി. എങ്കിലും വല്ലാത്തൊരു വശ്യത. കാണ്‍കെ അത് ദ്വിമാനം വെടിഞ്ഞ് ത്രിമാനത്തിലേക്ക് കടന്നതായ തോന്നലുളവാക്കി. അതായത് അറുത്തെടുത്ത ഒരു തലപോലെയായി അത്. അതിനും മുഖമില്ല. ശൂന്യതമാത്രം. തിളങ്ങുന്ന പ്രതലം. മുഖത്ത് കറുത്ത പട്ട് വിരിച്ചപോലെ. ഇന്നേവരെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത ഒരു അനുഭവം. അത് കാന്ത ശക്തിയോടെ ആകര്‍ഷിക്കുന്നു, കണ്ണുകളെടുക്കാന്‍കഴിയുന്നില്ല. ആ ശുന്യത തന്നിലേക്കും പടരുന്നതായ്തോന്നി പൊടിയനു. ചിന്തകളുടെ ഗുഡ്സവണ്ടി പാളം തെറ്റി ശൂന്യതയിലിടിച്ചുമറഞ്ഞു. വല്ലാത്ത ഒരു നിസ്സഹായാവസ്ഥ, സപ്തനാടികളും തളരുന്നു. തന്നെ പൊതിഞ്ഞു നില്‍ക്കുന്ന മൌഡ്യത്തെ തകര്‍ത്തെറിയണമെന്നുണ്ട്, പക്ഷെ സാധിക്കുന്നില്ല. പൊടിയമിഴികള്‍ പതിയെ അടഞ്ഞു.

ഇപ്പോള്‍ സമയം ആറര. ജയസു‌ര്യ തന്റെ ഇന്നിങ്ങ്സ് തുടങ്ങിയിരുന്നു. കിഴക്ക് വെള്ളയും ചുവപ്പും മഞ്ഞയും ഓറഞ്ജും കൂടാതെ കീറാന്‍ പറ്റുന്നതെല്ലാം കീറിവച്ചിരുന്നു. അതുകൊണ്ടു തന്നെ നാട്ടുവേളിച്ചവും പരന്നിരിന്നു, കോട്ടക്കകത്തേക്കു അരിച്ചിറങ്ങിയിരുന്നു. മുഖത്ത് സു‌ര്യകിരണങ്ങള്‍ പതിച്ചപ്പോള്‍, ഹാങ്ങായ പൊടിയന്റെ സിസ്റ്റം റീസ്റ്റാര്‍ട്ടായി. കൂടുതല്‍ വ്യക്തമായ ചിത്രം വേണമെങ്കില്‍ അര്‍ണോള്‍ഡ് ശിവശങ്കരന്‍ നടിച്ച ടെര്‍മിനേറ്റര്‍ -2 കാണുക. എന്തോ ഓര്‍ത്തിട്ടെന്നപോലെ, പൊടിയമിഴികള്‍ പൊടുന്നനെ തുറന്നു. നോട്ടം നേരെ ചുവരിലേക്കാണ് പായിച്ചത്. പൊടിയനില്നിന്നും ഒരു ദീര്‍ഘനിശ്വാസം പുറത്തുചാടി. പണ്ടെങ്ങോ പിടിച്ചുവച്ച ശ്വാസം ഇപ്പോളാണ് തുറന്നുവിടുന്നത് എന്ന പ്രതീതി. അതിനുശേഷം ചുറ്റും നോക്കി ആരും ഒന്നും കണ്ടില്ലെന്നു ഉറപ്പുവരുത്തി. അല്ല ആരേലും എന്തെങ്കിലും കണ്ടിരുന്നെങ്കില്‍ തന്നെ സംഭവിച്ചതൊന്നും മനസ്സിലാക്കിയിരിക്കില്ല, എന്നൊന്നും ആപ്പോ കത്തിയില്ല കക്ഷിക്ക്. (സംഭവങ്ങളെല്ലാം നടന്നത് അദ്ധേഹത്തിന്റെ തലച്ചൊറിനകത്താണല്ലൊ!!)  

പോടിയനാര്‍ ചുവരില്‍ കണ്ടു വിറച്ച ദാരുശില്പം, അതൊരു ക്ലൊക്കോ, അറുത്തുവച്ച തലയോ ഒന്നുമായിരുന്നില്ല. അതൊരു ഹെല്‍മെറ്റ്‌ ആയിരുന്നു !!! കറുത്ത് മിനുത്ത് തിളങ്ങുന്ന ഒരു ഹെല്‍മെറ്റ്‌ !!

രാതൃയിലെപ്പോഴോ, ജോലികഴിഞ്ഞ് വന്ന ഒരു നിശച്ചരന്‍ ചുവരിലുള്ള ആണിയില്‍ തുക്കിയിട്ടു പോയതാണ്. പൊടിയന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ " ഏതോ ഒരു സാമദ്രോഹി, ചുവരേല്‍ ചാര്‍ത്തീട്ടു പോയതാണ്.

കിളി പാടുന്നു "താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങ താന്‍താന്‍ അനുഭവിച്ചീടുകെന്നെ വരു‌" കിളി ഇപ്പൊ ഇങ്ങനെയും പാടുന്നുവെത്രേ "അന്നുമുതല്‍ പോടിയത്താന്‍ നിരന്തരം, പേടിസ്വപ്നം കണ്ടു ഞെട്ടാന്‍ തുടങ്ങി"